2025 ജൂലൈ 21 തിങ്കൾ 1199 കർക്കടകം 05
വാർത്തകൾ
🗞️👉 റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന്‍ മരിച്ചു
തിരുവനന്തപുരം നെടുമങ്ങാട് പത്തൊന്‍പത് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിനു മുകളിലൂടെ റോഡിലേയ്ക്ക് വീണിരുന്നു. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അക്ഷയ്ക്ക് ഇതില്‍ മുട്ടിയാണ് ഷോക്കേറ്റത്. രാത്രി രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. ബൈക്കില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ടുപേര്‍ക്കും അപകടത്തില്‍ കാര്യമായ പരുക്കുകളില്ല. മൂവരും കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. മരം ഒടിഞ്ഞ് പോസ്റ്റിന് മുകളില്‍ വീണപ്പോള്‍ പോസ്റ്റില്‍ നിന്നുള്ള ലൈനുകള്‍ നേരിട്ട് അക്ഷയ്‌യുടെ ദേഹത്ത് തട്ടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടമാകുകയും മൂവരും നിലത്തേക്ക് വീഴുകയും ചെയ്തു. അക്ഷയ് ഷോക്കേറ്റ് ഉടന്‍ തന്നെ മരിച്ചു. മറ്റ് രണ്ടുപേരും എതിര്‍ വശത്തേക്കാണ് വീണത്.
🗞️👉 വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 27 മരണം
വിയറ്റ്‌നാമിലെ ഹാലോങ് ബേയില്‍ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 27 മരണം. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രക്ഷാപ്രവർത്തകർ എട്ട് കുട്ടികളെയുൾപ്പടെ 27 മൃതദേഹങ്ങൾ കണ്ടെടുത്തതായും 11 പേരെ രക്ഷപ്പെടുത്തിയതായും പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വിയറ്റ്നാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ബോട്ടില്‍ 48 ടൂറിസ്റ്റുകളും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ 53 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം.
🗞️👉 കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി
കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി. ഇന്ന് പുലർച്ചെയാണ് സംഭവം. വയലപ്ര സ്വദേശി റീമ ( 30 ) മൂന്ന് വയസുള്ള മകനുമായാണ് പുഴയിൽ ചാടിയത്.
🗞️👉 ഫെഡ് ചെയര്‍ ജെറോം പവലിനെ പുറത്താക്കാന്‍ കച്ചകെട്ടി ട്രംപ്
ധനനയം തീരുമാനിക്കുന്ന കേന്ദ്ര ബാങ്കുകളെ സാധാരണ ഭരണകര്‍ത്താക്കള്‍ അനാവശ്യമായി സ്വാധീനിക്കാറില്ല. എന്നാല്‍ ചുമതലയേറ്റത് മുതല്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കണമെന്ന് പല തവണ ഡോണള്‍ഡ് ട്രംപ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവലിനോടാവശ്യപ്പെട്ടിരുന്നു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ട്രംപിന്റെ സ്വാധീനം ആവശ്യമില്ലെന്നുറപ്പിച്ച പവലാകട്ടെ ആ ആവശ്യം പല തവണ നിരസിക്കുകയും ചെയ്തു. അന്ന് മുതല്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തി ജെറോം പവലിനെ ഫെഡ് മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളിലാണ് ട്രംപ്.
🗞️👉 പാലായിൽ തട്ടുകട വ്യാപാരിയെ ഇറക്കിവിടാൻ നീക്കം: നഗരസഭയ്ക്ക് മുന്നിൽ കുടുംബസമേതം ധർണ്ണ നടത്തുമെന്ന് ബാബു ജോസഫ്
പാലാ മുണ്ടുപാലത്തെ തറവാട് തട്ടുകട നടത്തുന്ന വ്യാപാരിയെ കുല്സിത മാർഗത്തിലൂടെ ഇറക്കി വിടാൻ കെട്ടിടമുടമയുടെയും മുൻസിപ്പാലിറ്റിയുടെയും നീക്കത്തിനെതിരെ മുൻസിപ്പൽ ആഫീസിനു മുമ്പിൽ വ്യാപാരിയും കുടുംബവും ധർണ്ണ സമരം നടത്തുമെന്ന് വ്യാപാരി ബാബു ജോസഫ് പാലത്തുങ്കൽ അഭിപ്രായപ്പെട്ടു.മീഡിയാ അക്കാദമിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാബു ജോസഫ് .
🗞️👉 ഫിക്കാവോ മെഗാ സ്റ്റേജ്ഷോ ഏറ്റുമാനൂരിൽ
ഏറ്റുമാനൂർ: ഫിലിം ഇൻഡസ്ട്രി ആന്റ് കൾച്ചറൽ ആർട്ടിസ്റ്റ് വെൽഫെയർ ഓർഗനൈസേഷൻ(ഫിക്കാവോ) യുടെ നേതൃത്വത്തിൽ സിനിമ, ടി. വി.കോമഡി രംഗത്തുള്ള പ്രമുഖ താരങ്ങളെയും അണിനിരത്തി മെഗാ സ്റ്റേജ് ഷോയുടെ ഉദ്ഘാടനം സെപ്റ്റബർ 28 -ന് ഏറ്റുമാനൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
🗞️👉 വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് സിപിഐഎം
വിദ്വേഷ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് സിപിഐഎം. മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രത പാലിക്കണം. മതവൈരം ഉണ്ടാക്കുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പക്കരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ പേര് പരാമര്‍ശിക്കാതെ ആണ് വിമര്‍ശനം.
🗞️👉 നിപ: സംസ്ഥാനത്ത് ആകെ 571 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍
വിവിധ ജില്ലകളിലായി ആകെ 571 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 62 പേരും പാലക്കാട് 418 പേരും കോഴിക്കോട് 89 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളേയും പാലക്കാട് നിന്നുള്ള 2 പേരേയും കോഴിക്കോട് നിന്നുള്ള 7 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.













