ഷെൻഷെൻ: ലോകചരിത്രത്തിലാദ്യമായി ത്രിരാഷ്ട്ര ഉച്ചകോടിക്കായി ചൈനീസ്, റഷ്യൻ, അമേരിക്കൻ രാഷ്ട്രത്തലവന്മാർ ഒരുമിക്കുന്നു. ചൈനയിലെ ഷെൻഷെനിൽ വെച്ച് ഇന്ന് (വ്യാഴാഴ്ച) വൈകീട്ടാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർ തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച നടക്കുന്നത്. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ ലോകസമാധാനം നിലനിർത്തുന്നതിനായി ത്രിരാഷ്ട്ര ഉച്ചകോടിക്കിടെ മൂന്ന് രാജ്യങ്ങളും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുമെന്നാണ് സൂചന.
ഏഷ്യ – പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ (APEC) ഭാഗമായാണ് തെക്കൻ ചൈനയിലെ ഷെൻഷെനിൽ ലോകം ഉറ്റുനോക്കുന്ന ഈ കൂടിക്കാഴ്ച നടക്കുന്നത്. ചൈനീസ്, റഷ്യൻ, അമേരിക്കൻ രാഷ്ട്രത്തലവന്മാർ ഇതിനുമുൻപും വിവിധ അന്താരാഷ്ട്ര വേദികളിൽ ഒരുമിച്ച് എത്തിയിട്ടുണ്ടെങ്കിലും, ഇവർ മൂവരും മാത്രമായി ഒരു മേശയ്ക്ക് ചുറ്റും ചർച്ചയ്ക്കെത്തുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്.
2013-ൽ ഷി ജിൻപിങ് പ്രസിഡന്റായതിന് ശേഷം ഷിയും പുടിനും തമ്മിൽ 40-ലധികം തവണ നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഡോണൾഡ് ട്രംപിന്റെ രണ്ട് അധികാര കാലങ്ങളിലായി പുടിനുമായി ഏഴ് തവണയും ഷി ജിൻപിങ്ങുമായി മൂന്ന് തവണയും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ലോകശക്തികൾ തമ്മിലുള്ള ബന്ധം കൂടുതൽ സ്ഥിരപ്പെടുത്തുന്നതിനും ആഗോള വെല്ലുവിളികൾ നേരിടുന്നതിനും ഈ ത്രിരാഷ്ട്ര ഉച്ചകോടി ഒരു വലിയ നാഴികക്കല്ലാകുമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. ആഗോള സമാധാനം, തന്ത്രപരമായ സ്ഥിരത, ആണവായുധ നിയന്ത്രണം, പശ്ചിമേഷ്യൻ സംഘർഷം, യുക്രെയ്ൻ സംഘർഷം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.
















