പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് എസ്.ബി. രാജു രാജി പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ രാജി വിവരം പരസ്യമാക്കിയത്. പാർട്ടിയുടെ മുൻകൂട്ടിയുള്ള ധാരണ പ്രകാരമാണ് ഈ മാറ്റമെന്നും സ്വാഭാവിക തീരുമാനമാണിതെന്നുമാണ് സി.പി.എമ്മിന്റെ വിശദീകരണം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പല്ലശ്ശന ഡിവിഷനിൽ നിന്നുള്ള അംഗവുമായ വി. പൊന്നുകുട്ടൻ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേൽക്കാനാണ് സാധ്യത.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ആലത്തൂർ എം.എൽ.എ ആയതിനെ തുടർന്നാണ് എസ്.ബി. രാജു പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. ടി.എം. ശശി രാജിവെച്ചപ്പോൾ തന്നെ വി. പൊന്നുകുട്ടനെ പല്ലശ്ശന വാർഡിൽ മത്സരിപ്പിച്ച് വിജയിപ്പിച്ച ശേഷം പ്രസിഡന്റാക്കാൻ പാർട്ടിയിൽ ധാരണയായിരുന്നു. അതുവരെ വൈസ് പ്രസിഡന്റ് സരിത ജില്ലാ പഞ്ചായത്ത് നയിക്കുമെന്നായിരുന്നു തീരുമാനം.
എന്നാൽ എത്രയും വേഗം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന് കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകിയതോടെ മുതിർന്ന അംഗമായ എസ്.ബി. രാജുവിന് താൽക്കാലിക ചുമതല നൽകുകയായിരുന്നു. ആ താൽക്കാലിക ചുമതലയിൽ നിന്ന് അദ്ദേഹം ഇപ്പോൾ ഒഴിയുക മാത്രമാണ് ചെയ്തതെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കുന്നു.
















