കെ.എസ്.ഇ.ബി (KSEB) കീഴിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പെറ്റി കോൺട്രാക്ടർമാർക്ക് നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകുന്നതിൽ കടുത്ത പ്രതിഷേധം. കഴിഞ്ഞ മൂന്നു മാസത്തെ പ്രവൃത്തികളുടെ തുക കെ.എസ്.ഇ.ബി മുടക്കിയതോടെ ജോലികളിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുകയാണ് കോൺട്രാക്ടർമാർ.
വൈദ്യുതി ബോർഡിന് കീഴിൽ ലൈൻ നിർമ്മാണം, അറ്റകുറ്റപ്പണികൾ, പുതിയ കണക്ഷനുകൾ നൽകൽ തുടങ്ങിയ അടിസ്ഥാന ജോലികൾ ഏറ്റെടുത്ത് നടത്തുന്നവരാണ് പെറ്റി കോൺട്രാക്ടർമാർ.
പ്രതികൂല കാലാവസ്ഥയിലും അതിവേഗം സേവനമെത്തിക്കുന്ന ഇവർക്ക് നൽകാനുള്ള ഏകദേശം 10 കോടിയോളം രൂപയുടെ ബില്ലുകളാണ് പല കാരണങ്ങൾ പറഞ്ഞ് കെ.എസ്.ഇ.ബി വൈകിപ്പിക്കുന്നത്. പൂർത്തിയാക്കിയ ജോലികളുടെ ബില്ലുകളിലെ ക്ലറിക്കൽ നടപടികൾ മനഃപൂർവം വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്. വൈദ്യുതി മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്ന് കരാറുകാർ വ്യക്തമാക്കുന്നു.















