അഹമ്മദാബാദ് / തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗുജറാത്തിനെതിരെ കേരളത്തിന് ഫോളോ ഓൺ. ഗുജറാത്തിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറായ 534 റൺസ് പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 279 റൺസിൽ അവസാനിച്ചു. 255 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റിന് 41 റൺസെന്ന നിലയിലാണ്.
മുൻനിര തകർന്നടിഞ്ഞ മത്സരത്തിൽ മധ്യനിര ബാറ്റർമാർ നടത്തിയ മികച്ച ചെറുത്തുനിൽപ്പാണ് വലിയൊരു നാണക്കേടിൽ നിന്ന് കേരളത്തെ രക്ഷിച്ചത്.
മൂന്ന് വിക്കറ്റിന് 74 റൺസെന്ന നിലയിൽ മൂന്നാം ദിനം ഇന്നിങ്സ് പുനരാരംഭിച്ച കേരളത്തിന് വേണ്ടി സച്ചിൻ ബേബിയും (42) വിഷ്ണു വിനോദും (66) ചേർന്ന് 46 റൺസ് കൂടി കൂട്ടിച്ചേർത്തു. വിഷ്ണു വിനോദ് 57 പന്തിൽ അർദ്ധ സെഞ്ച്വറി നേടി തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ചു.
തുടർന്ന് ആറാം വിക്കറ്റിൽ ഒന്നിച്ച മുഹമ്മദ് അസറുദ്ദീൻ (57) – ആദിത്യ സർവാതെ (58) സഖ്യം 95 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ സർവാതെ പുറത്തായതോടെ ബാറ്റിങ് തകർച്ച നേരിട്ട കേരളത്തിന്റെ അവസാന നാല് വിക്കറ്റുകൾ 30 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ വീണു. ഗുജറാത്തിനായി അർസാൻ നഗ്വാസ്വെല്ല നാലും ചിന്തൻ ഗജ മൂന്നും സിദ്ധാർത്ഥ് ദേശായി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.















