കാണക്കാരി: ഏറ്റുമാനൂർ-വൈക്കം റോഡിൽ കാണക്കാരി അമ്പലപ്പടിയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച രാത്രി 11:30-ഓടെയാണ് സംഭവം നടന്നത്.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ പിക്കപ്പ് വാൻ റോഡരികിലെ ഓടയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. അപകടത്തിൽ സമീപത്ത് പ്രവർത്തിക്കുന്ന ‘ബ്രൈറ്റ് ഇലക്ട്രിക്കൽസ്’ എന്ന സ്ഥാപനത്തിന്റെ ബോർഡും സെപ്റ്റിക് ഫൈബർ ടാങ്കും തകർന്നു. ഓടയിൽ ഇടിച്ചു നിന്നതിനാൽ പിക്കപ്പ് വാൻ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറാതെ വൻ ദുരന്തം ഒഴിവായി.
അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ടയർ പൊട്ടിയ നിലയിലായിരുന്നു കാണപ്പെട്ടത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഈ വാഹനം വാഴക്കുലയുമായി പോകുകയായിരുന്നു. അപകടത്തെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന വാഴക്കുലകൾ പിന്നീട് മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റി അയച്ചു.















