സൗദി അറേബ്യയിലെ പ്രമുഖ എണ്ണപ്പാടത്തിന് നേരെ വൻ ഡ്രോൺ ആക്രമണം നടത്തി ഹൂത്തി വിമതർ. തെക്കുകിഴക്കൻ സൗദിയിൽ യു.എ.ഇ അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സൗദി അരാംകോയുടെ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്.
ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു. ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളാണ് മരിച്ചത്.
ഷൈബ എണ്ണപ്പാടത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നതായി സൗദി ഊർജ്ജ മന്ത്രാലയം സ്ഥിരീകരിച്ചു. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് വാഹനത്തിന് തീപിടിച്ചതായും ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും പാകിസ്താൻ സ്വദേശിക്കും പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഹൂത്തി ആക്രമണങ്ങൾ ശക്തമായ പശ്ചാത്തലത്തിൽ സൗദിയിലുള്ള എംബസി ജീവനക്കാരോട് രാജ്യം വിടാൻ അമേരിക്ക നിർദ്ദേശം നൽകി. അത്യാവശ്യ ജോലികളിൽ ഉൾപ്പെടാത്ത യു.എസ് സർക്കാർ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഉടൻ സൗദി വിടണമെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവ്. വിമാനത്താവളങ്ങൾ അടക്കമുള്ള പൊതു ഇടങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികൾ ആക്രമണം നടത്തുന്ന സാഹചര്യം കണക്കിലെടുത്താണ് അമേരിക്കയുടെ ഈ അടിയന്തര നീക്കം.















