മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും താത്കാലിക ആശ്വാസം. വിജിലൻസ് അന്വേഷണ നടപടികൾ സുപ്രീംകോടതി ഒരു ആഴ്ചത്തേക്ക് താത്കാലികമായി തടഞ്ഞു. ഹൈക്കോടതിയിൽ അപ്പീൽ നൽകി തീരുമാനമെടുക്കുന്നത് വരെയാണ് ഈ സ്റ്റേ.
ഹർജിയിൽ നവരാത്രി അവധിക്കാലത്ത് പ്രത്യേക സിറ്റിംഗ് നടത്തിയ സുപ്രീംകോടതി, സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.
“ഒറ്റ ദിവസം കൊണ്ട് എഫ്.ഐ.ആർ ഇട്ടു, ഇതിൽ ഇത്ര അടിയന്തര പ്രാധാന്യം എന്താണ്?” എന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് വി. മോഹന ചോദിച്ചു. സർക്കാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത വേഗതയെ പരിഹസിച്ച കോടതി, പിണറായി വിജയന് ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള അവസരം നിഷേധിച്ചു എന്നും വിമർശിച്ചു.
കേസിൽ എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസുമായി വിജിലൻസിന് മുന്നോട്ട് പോകാമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി, ഹർജി വീണ്ടും പരിഗണിക്കാനും പ്രതികളുടെ ഭാഗം കേൾക്കാനും ഹൈക്കോടതിയോട് നിർദ്ദേശിച്ചു. അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി ഇടപെട്ടില്ല.















