ടെഹ്റാൻ/റിയാദ്: സൗദി അറേബ്യയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനും ഇരുവിഭാഗവും തമ്മിലുള്ള സംഭാഷണം സുഗമമാക്കുന്നതിനും മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഈ നിർണായക വാഗ്ദാനം മുന്നോട്ടുവെച്ചത്.
മേഖലയിൽ സംഘർഷം രൂക്ഷമാകുന്നത് ഇസ്രായേലിന് മാത്രമേ ഗുണം ചെയ്യൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന പ്രതിവാര വാർത്താ സമ്മേളനത്തിൽ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ വാഗ്ദാനം പരസ്യപ്പെടുത്തിയത്.















