തിരുവനന്തപുരം: 2025-26 വർഷത്തെ സംസ്ഥാന പരമോന്നത കായിക പുരസ്കാരമായ ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിൽ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം ട്രീസ ജോളിയും മികച്ച കായികതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
2022-ലെ കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണമെഡൽ നേട്ടവും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഫൈനൽ പ്രവേശനം അടക്കമുള്ള നേട്ടങ്ങളുമാണ് എൽദോസ് പോളിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഏഷ്യൻ വനിതാ ടീം ചാമ്പ്യൻഷിപ്പിലെ സ്വർണ്ണമെഡലും കോമൺവെൽത്ത് ഗെയിംസ് നേട്ടങ്ങളും ഓൾ ഇംഗ്ലണ്ട് സെമി ഫൈനൽ പ്രവേശനവുമാണ് ട്രീസ ജോളിക്ക് തുണയായത്.















