ഭരണങ്ങാനം: സംസ്ഥാന സർക്കാരിന്റെ നൂറു ദിന പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രൈമറി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ഉറപ്പാക്കുന്ന പദ്ധതിയാണ് ഡിജിറ്റൽ സ്ക്വയർ. ഭരണങ്ങാനം സെൻമേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ യുപി വിഭാഗം കുട്ടികൾക്കായി അനുവദിച്ചിരിക്കുന്ന ഡിജിറ്റൽ സ്ക്വയർ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്
പ്രസിഡന്റ് സുധാ ഷാജി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർവ്വതോത്മുഖ വളർച്ചയിൽ കമ്പ്യൂട്ടർ പരിശീലനത്തിന് അതിപ്രധാനമായ ഒരു സ്ഥാനമുണ്ടെന്നും, ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ വിജയത്തിൽ ക്രിയാത്മകമായ ഇടപെടൽ നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.
ഒന്നു മുതൽ ഏഴ് വരെ ക്ലാസ്സിലെ കുട്ടികളെ ഡിജിറ്റൽ സാക്ഷരരാക്കാൻ ഉദ്ദേശിച്ച് 5100 സ്കൂളുകളിലായി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് ഭരണങ്ങാനം സെന്റ് മേരീസ് സ്കൂളിൽ കൂടുതൽ കംപ്യൂട്ടുകൾ അനുവദിയ്ക്കാനും ഓപ്പൺ ലാബ് തുടങ്ങാനും ശ്രമങ്ങൾ നടത്തിയ സ്കൂൾ മാനേജ്മെന്റിനേയും ഹെഡ് മാസ്റ്റർ ബെന്നിച്ചൻ സാറിനെയും അഭിനന്ദിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നിച്ചൻ പി.ഐ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മഞ്ജു ഡേവിസ് അജീന മേരി തോമസ്,സി. ദീപാ മോൾ മാത്യം, റെന്നി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.















