വത്തിക്കാൻ സിറ്റി: വധശിക്ഷ വ്യക്തിത്വത്തിനും മനുഷ്യന്റെ അന്തസ്സിനും എതിരെയുള്ള കടന്നുകയറ്റമാണെന്നും കത്തോലിക്കാ സഭ ഇതിനെ പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും ലെയോ പതിനാലാമൻ മാർപ്പാപ്പ. ആഗോള വധശിക്ഷാ വിരുദ്ധ ദിനത്തോടനുബന്ധിച്ച് തന്റെ ഔദ്യോഗിക ‘X’ (ട്വിറ്റർ) അക്കൗണ്ടിലൂടെയാണ് പാപ്പ ഈ നിലപാട് വ്യക്തമാക്കിയത്. #NoDeathPenalty എന്ന ഹാഷ്‌ടാഗോടെയായിരുന്നു പാപ്പയുടെ സന്ദേശം.
വധശിക്ഷ നടപ്പാക്കാതെ തന്നെ പൊതുനന്മ സംരക്ഷിക്കാനും നീതി ഉറപ്പാക്കാനും സാധിക്കുമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. കുറ്റവാളികളെ തടങ്കലിൽ പാർപ്പിച്ചുകൊണ്ട് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും, അതേസമയം കുറ്റക്കാർക്ക് മാനസാന്തരപ്പെടാനും ജീവിതത്തിലേക്ക് മടങ്ങിവരാനുമുള്ള അവസരം നൽകാനും സാധിക്കുന്ന കാര്യക്ഷമമായ ശിക്ഷാ രീതികൾ ഇന്ന് നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്കാ സഭ 2018-ൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. മുൻപ് ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദ്ദേശപ്രകാരം സഭയുടെ മതബോധന ഗ്രന്ഥത്തിൽ (CCC 2267) മാറ്റം വരുത്തിക്കൊണ്ടാണ് വധശിക്ഷ പൂർണ്ണമായും അസ്വീകാര്യമാണെന്ന നിലപാടിലേക്ക് സഭ എത്തിയത്.
സുവിശേഷത്തിന്റെ വെളിച്ചത്തിൽ, വ്യക്തിയുടെ അലംഘനീയതയുടെയും അന്തസ്സിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണ് സഭ വധശിക്ഷയെ കാണുന്നത്.















