ന്യൂഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ പരമാധികാരത്തെയും പ്രശംസിച്ച് ചൈന.
ഇന്ത്യയുടേത് തനതായ സ്വതന്ത്ര വിദേശനയമാണെന്നും ചൈനയുമായുള്ള ബന്ധം വികസിപ്പിക്കുന്നത് മൂന്നാമതൊരു രാജ്യത്തിന്റെ സ്വാധീനത്തിലല്ലെന്നുമുള്ള പ്രധാനമന്ത്രി മോദിയുടെ നിലപാടിനെ ചൈനീസ് സർക്കാർ സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചയിൽ ‘ഇന്ത്യയും ചൈനയും എതിരാളികളല്ല, മറിച്ച് പങ്കാളികളാകണം’ എന്നതായിരുന്നു ഏറ്റവും നിർണായകമായ ധാരണയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോ ജിയാകുൻ പറഞ്ഞു. അതിർത്തിയിലെ സമാധാനവും സ്ഥിരതയും നിലനിർത്തി മുന്നോട്ടുപോകാനും പരസ്പര വികസനത്തിന് പിന്തുണ നൽകാനും നേതാക്കൾ തമ്മിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ.















