ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിനാശകരമാണെന്ന പ്രചാരണങ്ങൾ തട്ടിപ്പാണെന്നും ഇതിന് പിന്നിൽ ഇടതുപക്ഷ നീക്കങ്ങളാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഗോള താപനം പോലെ പ്രചരിപ്പിക്കപ്പെടുന്ന മറ്റൊരു വ്യാജകഥയാണിതെന്നും ട്രംപ് സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി. “എല്ലാവരും ചൂടുമൂലം മരിച്ചുപോകുമെന്ന് മുൻപ് ഭയപ്പെടുത്തിയതുപോലെ തന്നെയാണ് എഐ വിഷയത്തിലും ആളുകളെ ഭയപ്പെടുത്തുന്നത്” – ട്രംപ് പരിഹസിച്ചു.
എഐ മേഖലയ്ക്ക് നിയന്ത്രണങ്ങൾ (Guardrails) ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന സാങ്കേതിക വിദഗ്ധരുടെയും മറ്റ് പ്രമുഖരുടെയും നിലപാടുകളെ ട്രംപ് നിഷ്കരുണം തള്ളി. ലോക വ്യവസായ ചരിത്രത്തിൽ ഏതെങ്കിലും ബിസിനസ് ചെയ്യുന്നവർ തന്നെ അത് നിയന്ത്രിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട ചരിത്രമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. എഐ വികസനം തടയില്ലെന്ന് ചൈന പ്രഖ്യാപിച്ച സാഹചര്യത്തിൽ, അമേരിക്കയിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ചൈനയ്ക്ക് മാത്രമേ ഗുണം ചെയ്യൂ.
അമേരിക്കയിലെ കടുപ്പമേറിയ അനുമതി നടപടികൾ കാരണം ഗൂഗിൾ ഫിൻലാൻഡിൽ വൻതുക നിക്ഷേപിച്ച് ഡാറ്റാ സെന്റർ നിർമിക്കാൻ ഒരുങ്ങുന്നതിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് ട്രംപ് പറഞ്ഞു. കമ്പനി ഈ തീരുമാനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐയും ഡാറ്റാ സെന്ററുകളും ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വളർച്ചാ ശക്തിയായി മാറുമെന്നും, എണ്ണയേക്കാളും സ്വർണ്ണത്തേക്കാളും ഉയർന്ന സമ്പത്ത് ഇത് സൃഷ്ടിക്കുമെന്നും പറഞ്ഞ ട്രംപ്, തന്റെ ഭരണകാലത്ത് എഐയുടെ വികസനം ഒരിക്കലും തടയില്ലെന്നും ഉറപ്പുനൽകി.















