സംസ്ഥാനത്ത് ഉയർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ വൻ അഴിച്ചുപണി നടത്തി സർക്കാർ. ജി.എസ്.ടി ഇൻ്റലിജൻസ് വിഭാഗത്തിന്റെ തലപ്പത്തടക്കം നിർണ്ണായക മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസിൽ ജി.എസ്.ടി ഇൻ്റലിജൻസ് ആസ്ഥാനം മൗനം പാലിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജി.എസ്.ടി വകുപ്പിലെ പ്രധാന മാറ്റങ്ങൾ. ജി.എസ്.ടി ഇൻ്റലിജൻസ് ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഷഫീഖിനെ റവന്യൂ ജോയിൻ്റ് സെക്രട്ടറിയായി സ്ഥലം മാറ്റി. തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന അനു കുമാരിയെ പുതിയ ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു.
പ്രധാന ജില്ലാ ഭരണകൂടങ്ങളുടെ തലപ്പത്തും മാറ്റമുണ്ട്. തിരുവനന്തപുരം ജില്ലാ കളക്ടറായി അഞ്ജു കെ. എസിനെയും കാസർഗോഡ് കളക്ടറായി ശ്രീധന്യ സുരേഷിനെയും വയനാട് കളക്ടറായി വി. ചെൽസാസിനിയെയും നിയമിച്ചു.
കൃഷി വകുപ്പ് ജോയിൻ്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ വനം വകുപ്പ് ജോയിൻ്റ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. ദിലീപ് കെ. കൈനിക്കരയാണ് പുതിയ ശബരിമല എ.ഡി.എം. നവീകരിച്ച് പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പിന്റെ ഡയറക്ടറായി അരുൺ എസ്. നായരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.















