കേന്ദ്ര സർക്കാരിന്റെ വിദ്യാലയ വികസന പദ്ധതിയായ ‘പി.എം. ശ്രീ’ (PM SHRI) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് രണ്ടാമതും കത്ത് ലഭിച്ചതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചു. കേന്ദ്രത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചുവെന്നും വിഷയത്തിൽ അടിയന്തര കൂടിയാലോചനകൾ നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പി.എം. ശ്രീ വിഷയത്തിൽ തനിക്ക് ഒറ്റയ്ക്ക് നിലപാട് പറയാനാകില്ലെന്നും സർക്കാർ തലത്തിലും യു.ഡി.എഫ് മുന്നണിയിലും ചർച്ചകൾ നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി വി. ഡി. സതീശൻ സർക്കാരിന്റെ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കും. പദ്ധതി പൂർണ്ണമായും തള്ളിക്കളയണമോ അതോ കർശനമായ ഉപാധികളോടെ അംഗീകരിക്കണമോ എന്നത് ഈ യോഗങ്ങളിൽ തീരുമാനിക്കും.
തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പി.എം. ശ്രീയോട് യു.ഡി.എഫിന് എതിർപ്പ് തന്നെയയാണുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുൻ എൽ.ഡി.എഫ് സർക്കാരാണ് രഹസ്യമായി കരാറിൽ ഒപ്പുവെച്ച് ഇതിന് വഴിയൊരുക്കിയത്. അതേസമയം, കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അർഹതപ്പെട്ട രണ്ടായിരം കോടിയോളം രൂപയുടെ വിദ്യാഭ്യാസ ഫണ്ട് ലഭിക്കാനുണ്ട്. സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലായ എസ്.എസ്.കെ (Samagra Shiksha Kerala) ഫണ്ടാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത്. പി.എം. ശ്രീയുടെ പേരിൽ കേരളത്തിന്റെ അർഹമായ ഫണ്ടുകൾ തടഞ്ഞു വെക്കരുതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി എൻ. ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.















