സി.എം.ആർ.എൽ – എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ (മാസപ്പടി കേസ്) പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ശുപാർശയിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം വൈകും. കേസിന്റെ നിയമവശങ്ങൾ സങ്കീർണ്ണമായതിനാൽ അഡ്വക്കറ്റ് ജനറലും (എ.ജി) ഡി.ജി.പിയും നൽകുന്ന ഔദ്യോഗിക നിയമോപദേശം ലഭിച്ച ശേഷമേ സർക്കാർ അന്തിമ നിലപാടിലേക്ക് കടക്കൂ. നിയമോപദേശം അടുത്ത ആഴ്ച മാത്രമായിരിക്കും സർക്കാരിന് കൈമാറുക.
പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കേണ്ട സാഹചര്യമുണ്ടെന്നും വിഷയം അതീവ ഗൗരവമുള്ളതാണെന്നുമുള്ള നിലപാടിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉറച്ചുനിൽക്കുകയാണ്. കെ.പി.സി.സി ഭാരവാഹി യോഗത്തിലും മുഖ്യമന്ത്രി ഇതേ നിലപാട് ആവർത്തിച്ചു. എന്നാൽ, എടുത്തുചാടി നടപടിയെടുക്കാതെ നിയമവശങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം മുന്നോട്ട് പോയാൽ മതിയെന്നാണ് കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ പൊതുധാരണ.
തുടർനടപടികൾ ആലോചിച്ച് മതിയെന്ന് വി. ടി. ബൽറാം അഭിപ്രായപ്പെട്ടപ്പോൾ, വൈകാതെ തന്നെ കേസെടുക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു മാത്യു കുഴൽനാടൻ എം.എൽ.എ. ആലോചിച്ചു മാത്രം നീങ്ങിയാൽ മതിയെന്നും നിയമപരമായ പരിശോധനയ്ക്ക് ശേഷം അനിവാര്യമാണെങ്കിൽ കേസെടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ മറുപടി നൽകി. വിഷയം ഗൗരവമുള്ളതാണെന്നും സി.പി.എം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും കെ.പി.സി.സി യോഗത്തിന് ശേഷം സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.















