ഏറ്റുമാനൂർ: സാമ്പത്തിക വളർച്ചയുടെ കള്ളക്കണക്കുകൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സി.ഐ.ടിയു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം. ഏറ്റുമാനൂർ തോംസൺ കൈലാസ് ഓഡിറ്റോറിയത്തിൽ (എ.വി. റസ്സൽ നഗർ) സി.ഐ.ടിയു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 7.5 ശതമാനം സാമ്പത്തിക വളർച്ചയുണ്ടെന്ന കേന്ദ്ര അവകാശവാദം വ്യാജമാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ തന്നെ വ്യക്തമാക്കുന്നുണ്ടെന്നും രാജ്യത്തെ സമ്പത്ത് മുഴുവൻ ഒരുപിടി ആളുകളിലേക്ക് ചുരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളി വിരുദ്ധ നയങ്ങൾ തുടരുന്ന കേന്ദ്ര സർക്കാരിനെതിരെ സി.ഐ.ടിയു നേതൃത്വത്തിൽ ‘ഒക്കുപൈ ഡൽഹി’ സമരം സംഘടിപ്പിക്കും. തൊഴിലാളികൾ റാംലീല മൈതാനത്ത് സംഘടിച്ച് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലേബർ കോഡുകൾ നടപ്പാക്കുന്ന കാര്യത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ നിലപാടാണുള്ളതെന്നും കേരളത്തിൽ എൽ.ഡി.എഫ്. ഭരണം ഉള്ളതുകൊണ്ടാണ് തൊഴിലാളികൾക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെജി സഖറിയ അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ. അനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.കെ. സുരേഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. മന്ത്രി വി.എൻ. വാസവൻ, സി.ഐ.ടിയു ദേശീയ-സംസ്ഥാന നേതാക്കളായ കെ.എൻ. ഗോപിനാഥ്, കെ.ജെ. തോമസ്, ടി.ആർ. രഘുനാഥ് തുടങ്ങി പ്രമുഖർ പങ്കെടുത്തു. തിങ്കളാഴ്ചയും തുടരുന്ന സമ്മേളനത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.

















