ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, അധികമാരും അറിയാത്ത ആറ് പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് അഞ്ച് പ്രമുഖ ദേശീയ പാർട്ടികളേക്കാൾ ഉയർന്ന സമ്പത്തെന്ന് റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ഈ ആറ് പാർട്ടികളുടെ ആകെ വരുമാനം 1,700 കോടി രൂപയോളം വരും. അതേസമയം കോൺഗ്രസും സി.പി.ഐ.എമ്മും ഉൾപ്പെടെയുള്ള അഞ്ച് ദേശീയ പാർട്ടികളുടെ ആകെ സമ്പത്ത് 1,480 കോടി രൂപ മാത്രമാണെന്ന് ബി.ബി.സി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ആം ജൻമത്ത് പാർട്ടി, ഭാരതീയ ദേശീയ ജനതാദൾ, ഗരീബ് കല്യാൺ പാർട്ടി, ന്യൂ ഇന്ത്യ യുണൈറ്റഡ് പാർട്ടി, സത്യവാദി രക്ഷക് പാർട്ടി, സ്വതന്ത്ര അഭിവ്യക്തി പാർട്ടി എന്നിവയാണ് കോടികളുടെ സമ്പത്തുള്ള ഈ പാർട്ടികൾ. ഇതിൽ നാല് പാർട്ടികളുടെയും ആസ്ഥാനം അഹമ്മദാബാദിലാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് ഈ പാർട്ടികളിലേക്ക് പണം ഒഴുകിയെത്തിയത്.
ഇതിൽ ‘ആം ജൻമത്ത് പാർട്ടി’ക്ക് മാത്രം 620 കോടി രൂപയുടെ സംഭാവന ലഭിച്ചിട്ടുണ്ട്. ഇത് കോൺഗ്രസ് ലഭിച്ച ആകെ തുകയേക്കാൾ (281 കോടി) ഇരട്ടിയിലധികമാണ്. എന്നാൽ ഇത്രയും ഭീമമായ തുക കൈവശമുള്ള ഈ ആറ് പാർട്ടികളിൽ നിന്നും കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ കേവലം 15 സ്ഥാനാർത്ഥികൾ മാത്രമാണ് മത്സരിച്ചത് എന്നതും ശ്രദ്ധേയമാണ്.

















