കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിൽ മരണം 1250 ഉയർന്നു. നേപ്പാൾ അതിർത്തിക്കുള്ളിൽ മാത്രം 1229 പേർ മരണപ്പെട്ടതായി ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ചൈനീസ് പ്രദേശത്ത് 21 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
വിദേശികളായ 561 പേർ ഉൾപ്പെടെ 4875 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 11,923 പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ സൈന്യം അറിയിച്ചു. പ്രളയത്തിൽ കാണാതായ മലയാളികളെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ചിത്വൻ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജ്ജിതമായി തുടരുകയാണ്.
അതേസമയം, പ്രളയത്തിന് തൊട്ടുപിന്നാലെ സഹായമെത്തിച്ച ഇന്ത്യക്കും ചൈനക്കും നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ നന്ദി അറിയിച്ചു. എന്നാൽ, ഇന്ത്യയും ചൈനയും യു.എസും നൽകുന്ന സാമ്പത്തിക സഹായം കാലാവസ്ഥാ വ്യതിയാനത്തിന് നൽകേണ്ട നഷ്ടപരിഹാരമാണെന്ന നേപ്പാൾ വിദേശകാര്യമന്ത്രി ശിസിർ ഖനാലിന്റെ പരാമർശം അന്താരാഷ്ട്ര തലത്തിൽ വൻ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ദക്ഷിണേഷ്യൻ മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്നുള്ള 11 അംഗ വിദഗ്ധ സംഘം കൂടി നേപ്പാളിലെത്തിയിട്ടുണ്ട്.

















