ന്യൂഡൽഹി: ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ യുവാക്കളെയും കായികതാരങ്ങളെയും അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഖേലോ ഇന്ത്യ സംവാദ്’ പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള 1500-ലധികം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വെർച്വലായാണ് അദ്ദേഹം സംസാരിക്കുക.
ഓഗസ്റ്റ് 27 മുതൽ 29 വരെയാണ് കായിക ദിനാഘോഷങ്ങൾ നടക്കുന്നത്. ഓഗസ്റ്റ് 27-ന് രാവിലെ 11:50-ഓടെ പ്രധാനമന്ത്രി യുവതലമുറയുമായി ആശയവിനിമയം നടത്തും. പി.ടി. ഉഷ, പി.ആർ. ശ്രീജേഷ്, അഞ്ജു ബോബി ജോർജ്, മേരി കോം, സൈന നേഹ്‌വാൾ, ഗഗൻ നാരംഗ് തുടങ്ങിയ പ്രമുഖ കായിക
പ്രതിഭകളും സംവാദത്തിൽ പങ്കാളികളാകും. ഹിമാചൽ പ്രദേശിലെ കാംഗ്ര, ചമ്പ എന്നിവിടങ്ങളിൽ നിന്നുള്ള നാല് പ്രതിഭകൾക്കും പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കാൻ അവസരം ലഭിക്കും. മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29-നാണ് ദേശീയ കായിക ദിനാഘോഷങ്ങൾ സമാപിക്കുന്നത്.
















