തൃശൂർ: 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ തുടക്കമായി. പ്രതിനിധി സമ്മേളനം പ്രശസ്ത നടനും ആക്റ്റീവിസ്റ്റുമായ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ യുവാക്കൾ പ്രതീക്ഷ നൽകുന്നുണ്ടെന്നും ഡൽഹി ജന്തർ മന്ദറിൽ താൻ കണ്ടത് യുവജനങ്ങളുടെ വീര്യവും സൗന്ദര്യവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് ബിജെപി സർക്കാരിന് സമ്മതിക്കേണ്ടി വന്നുവെന്നും രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞെന്നും പ്രകാശ് രാജ് വിമർശിച്ചു. സമ്മേളനത്തിൽ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ തുടങ്ങി പ്രമുഖ നേതാക്കളും വിവിധ ജില്ലകളിൽ നിന്നായി അഞ്ഞൂറിലധികം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
















