തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴി സ്വദേശിയായ മൂന്നു വയസ്സുകാരിക്കാണ് രോഗം ബാധിച്ചത്. കുട്ടി നിലവിൽ തിരുവനന്തപുരം എസ്എടി (SAT) ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ഓഗസ്റ്റ് 12-ന് കുട്ടിയുടെ കുടുംബം തമിഴ്‌നാട്ടിലെ നാഗർകോവിലിൽ ക്ഷേത്രദർശനത്തിന് പോയിരുന്നു. യാത്രാമധ്യേ കുടിച്ച സർബത്തിൽ നിന്നാകാം ബാക്ടീരിയ ബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഓഗസ്റ്റ് 13 മുതൽ കുട്ടിക്ക് ശക്തമായ വയറിളക്കവും ഛർദ്ദിയും
അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
















