പാലാ: അൽഫോൻസ കോളേജ് പാലായിലെ വനിതാ സെല്ലിന്റെ 2026-ലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. സ്ത്രീശാക്തീകരണം, ആത്മവിശ്വാസം, സ്വയംപര്യാപ്തത, സാമൂഹിക ഉത്തരവാദിത്വം എന്നിവ വിദ്യാർത്ഥിനികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ സെൽ പ്രവർത്തിക്കുന്നത്.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജോയ്സ് മേരി ആന്റണി വനിതാ സെൽ ഉദ്ഘാടനം നിർവഹിച്ച് ഉദ്ഘാടന പ്രസംഗം നടത്തി.
“അവസരങ്ങൾ തേടിവരുന്നതല്ല; അവ പിടിച്ചെടുക്കുകയും അതിനായി പ്രയത്നിക്കുകയും വേണം. അതിന് സ്ഥിരോത്സാഹവും ധൈര്യവും ആവശ്യമാണ്” എന്ന ഇന്ദിരാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നേരിടാൻ വിദ്യാർത്ഥിനികളെ അവർ ആഹ്വാനം ചെയ്തു.
വനിതാ സെൽ കോ-ഓർഡിനേറ്റർ ശ്രീമതി സ്മിത ക്ലാരി ജോസഫ് സ്വാഗതം ആശംസിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മഞ്ജു എലിസബത്ത് കുരുവിള ആശംസകൾ നേർന്നു.
തുടർന്ന് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ തീം ഡാൻസും ഗ്രൂപ്പ് സോംഗും ഉൾപ്പെടുന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറി.
വിദ്യാർത്ഥിനികളുടെ വ്യക്തിത്വവികസനം, അവകാശബോധം, ആത്മവിശ്വാസം, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളർത്തുന്നതിനായി വനിതാ സെൽ വിവിധ ബോധവത്കരണ-ശാക്തീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു.
വിദ്യാർത്ഥിനി പ്രതിനിധി അലീന ജോജോ നന്ദി രേഖപ്പെടുത്തി. അധ്യാപകരും വിദ്യാർത്ഥിനികളും പരിപാടിയിൽ പങ്കെടുത്തു.
















