ടെഹ്‌റാൻ: യുഎഇക്ക് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന വാദങ്ങൾ പൂർണ്ണമായും തള്ളി ഇറാൻ. തങ്ങൾ യുഎഇയെ ലക്ഷ്യമാക്കി മിസൈലുകൾ അയച്ചിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായിയാണ് യുഎഇയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയത്.
അയൽപക്ക ബന്ധത്തിനും മേഖലയിലെ സമാധാനശ്രമങ്ങൾക്കും തിരിച്ചടിയാകുന്ന വിധത്തിലാണ് യുഎഇയുടെ പ്രസ്താവനയെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. നേരത്തെ, തങ്ങളുടെ സമുദ്രപരിധി ലക്ഷ്യമാക്കി ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ ഇറാനുമായുള്ള എല്ലാത്തരം സാമ്പത്തിക, വ്യാപാര ബന്ധങ്ങളും താൽക്കാലികമായി നിർത്തിവെയ്ക്കാൻ യുഎഇ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോപണങ്ങളെ തള്ളി ഇറാൻ രംഗത്തെത്തിയിരിക്കുന്നത്.
















