പാലാ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ച ഡിജിറ്റൽ പഠന സൗകര്യങ്ങളും നൈപുണ്യ വികസന അവസരങ്ങളും ലഭ്യമാക്കുന്നതിനായി പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയും (SJCET) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയും (NIELIT) കൈകോർക്കുന്നു. ഇതുസംബന്ധിച്ച അക്കാദമിക സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഇരുസ്ഥാപനങ്ങളും ഒപ്പുവച്ചു.
കോളേജിൽ നടന്ന ചടങ്ങിൽ നൈലിറ്റ് കോഴിക്കോട് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജയരാജ് യു. കിടാവും എസ്.ജെ.സി.ഇ.ടി ഡയറക്ടർ റവ. പ്രൊഫ. ഡോ. ജെയിംസ് ജോൺ മംഗലത്തും ധാരണാപത്രം കൈമാറി. നൈലിറ്റ് സീനിയർ ടെക്നിക്കൽ ഓഫീസർ ശ്രീജേഷ് എസ്.ജി., എസ്.ജെ.സി.ഇ.ടി പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ വകുപ്പ് മേധാവി ഡോ. അരുൺ പി. തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നൈലിറ്റ് ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്ലാറ്റ്ഫോം വഴി ക്രെഡിറ്റ് അധിഷ്ഠിത ഓൺലൈൻ കോഴ്സുകൾ, നൈപുണ്യ വികസന പരിപാടികൾ, വാല്യൂ ആഡഡ് കോഴ്സുകൾ, അധ്യാപക പരിശീലന പരിപാടികൾ (FDP) എന്നിവ കാമ്പസിൽ സംഘടിപ്പിക്കും. ഇതിനുപുറമെ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം (LMS), വെർച്വൽ ലാബുകൾ, ഓൺലൈൻ അസസ്മെന്റ്, ഡിജിറ്റൽ സർട്ടിഫിക്കേഷൻ എന്നീ സൗകര്യങ്ങളും പ്രയോജനപ്പെടുത്താം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഐ.ഒ.ടി (IoT), റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക മേഖലകളിൽ വ്യവസായബന്ധിതമായ അറിവും പരിശീലനവും സർട്ടിഫിക്കേഷനും നേടാൻ ഈ സഹകരണം വിദ്യാർത്ഥികളെ സഹായിക്കും. കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, അനുബന്ധ സർക്യൂട്ട് ബ്രാഞ്ചുകളിലെ വിദ്യാർത്ഥികളുടെ സാങ്കേതിക മികവും തൊഴിൽക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം ഇന്റേൺഷിപ്പ്, പ്രോജക്ട് പ്രവർത്തനങ്ങൾ, ഗവേഷണം എന്നിവയ്ക്കും ഈ ധാരണാപത്രം കരുത്തേകും.















