2026 ജൂൺ 29 തിങ്കൾ മിഥുനം 15
📰👉 വെനസ്വേലയിലുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,430 ആയി ഉയർന്നു. മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. പതിനായിരക്കണക്കിന് ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
📰👉 പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളെ ചുട്ടുപൊള്ളിച്ച ഉഷ്ണതരംഗം സ്വിറ്റ്സർലൻഡ്, ഡെന്മാർക്ക്, ചെക്ക് റിപ്പബ്ലിക് രാജ്യങ്ങളിലേക്ക്. ഇവിടങ്ങളിൽ താപനില റിക്കാർഡ് നില തൊട്ടു. ഡെന്മാർക്കിൽ ശനിയാഴ്ച ആർഹസിന് വടക്ക് ഓഡം എന്ന പ്രദേശത്ത് 37 ഡിഗ്രി സെൽഷസ് ചൂടാണ് അനുഭവപ്പെട്ടത്
📰👉 മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്. ഇറാന്റെ ഇത്തരം നടപടികൾ മേഖലയുടെ സ്ഥിരതയ്ക്ക് ഭംഗം വരുത്തുമെന്നും അയൽരാജ്യങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
📰👉 ഖത്തറിൽ മിസൈലാക്രമണത്തിൽ നാവികൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഖത്തർ സ്വദേശിയാണ് മരിച്ചതെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആക്രമണം നടത്തിയത് ആരാണെന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
📰👉 ഓപ്പറേഷൻ തൂഫാൻ: ദ് നാർക്കോ ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധനയും ലഹരിവിരുദ്ധ ബോധവത്കരണവും ഒരേസമയം തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന പരിശോധനകളിൽ 779 കേസ് രജിസ്റ്റർ ചെയ്തു. 806 പേർ അറസ്റ്റിലായി.
📰👉 ലെയോ പതിനാലാമൻ പാപ്പ വിളിച്ചുകൂട്ടിയ കർദ്ദിനാളുമാരുടെ കൺസിസ്റ്ററിയ്ക്കു വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ തുടക്കമായി. ജൂൺ 26 വെള്ളിയാഴ്ച ആരംഭിച്ച കൺസിസ്റ്ററിയില്‍ ലോകത്ത് തുടരുന്ന സംഘർഷഭരിതമായ അവസ്ഥയുടെയും വർത്തമാനകാലസഭയുടെ ആവശ്യങ്ങളുടെയും മുന്നിൽ, തനിക്ക് പിന്തുണ നൽകാനും തുറന്ന മനസ്സോടെ ആശയങ്ങൾ പങ്കുവയ്ക്കാനും, പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ്, ഫലപ്രദമായ രീതിയിൽ സുവിശേഷപ്രഘോഷണം നടത്തുന്നതിൽ സഹകരിച്ച് പ്രവർത്തിക്കാനും പരിശുദ്ധ പിതാവ് ആഹ്വാനം നടത്തി
📰👉 കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്. യുഡിഎഫിലെ ഏറ്റവും മുതിര്‍ന്ന നേതാവും യുഡിഎഫിന്റെ ആദ്യ കണ്‍വീനറുമാണ് ജോസഫ് സാര്‍. പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണ്. ഈ ആവശ്യം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.
📰👉പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ പരിശോധന കഴിഞ്ഞ് മടങ്ങിയ ഇ. ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഇഡിയ്ക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്. പ്രതി കടകമ്പള്ളി സ്വദേശിഹരീഷിന്റെ ജാമ്യം റദ്ദാക്കാനായി ഹൈക്കോടതിയില്‍ അടുത്ത ദിവസം ഹര്‍ജി നല്‍കും
📰👉 ഗവിയിലേക്കുള്ള പ്രിയദർശിനി ബസിന്റെ യാത്ര അനുവദനീയമായതിലും മൂന്നിരട്ടി ആളുകളുമായാണെന്ന് പരാതി. അപകടകരമായ വളവുകളുള്ള വനപാത ആയതിനാല്‍ അപകടസാധ്യത ഏറെയാണ്.
📰👉 സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലാണിത്. സംസ്ഥാനത്ത് ജൂൺ മാസം 191 പേർക്ക് രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 267 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.















