പാലാ: ലോക ആർത്തവ ശുചിത്വ ദിനമായ മെയ് 28-ന് പാലാ ടൗൺഹാളിൽ വെച്ച് വിപുലമായ ബോധവൽക്കരണ പരിപാടിയും പ്രസ് മീറ്റും സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ആർത്തവ ശുചിത്വ ബോധവൽക്കരണത്തിനുമായി പ്രവർത്തിക്കുന്ന സാമൂഹിക സംരംഭമായ ‘കെയർ ഇൻ സേഫ്’ (CARE IN SAFE), ‘അഗ്നിവേദ’ (AGNI VEDA), കൊടുമ്പിടി ‘വിസിബ് സ്വാശ്രയസംഘം’ (VICIB), ‘സന്ധ്യ ഡെവലപ്‌മെന്റ് സൊസൈറ്റി’ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. മെയ് 28 വ്യാഴാഴ്ച രാവിലെ 10.30-ന് പരിപാടികൾ ആരംഭിക്കും.
പ്രമുഖ ആരോഗ്യ ബോധവൽക്കരണ പ്രവർത്തകയായ ഡോ. വീണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തും. കെയർ എൻ സേഫ് സി.ഇ.ഓ ശങ്കർ അയ്യർ, സംസ്ഥാന കോർഡിനേറ്റർ റോണി ഗിൽബർട്ട് എന്നിവർ പ്രത്യേക പ്രഭാഷണങ്ങൾ നടത്തും.
ആർത്തവത്തെക്കുറിച്ചുള്ള സാമൂഹിക മൗനവും അനാചാരങ്ങളും അവസാനിപ്പിക്കുക, പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയാണ് ഈ സംയുക്ത കൂട്ടായ്മയുടെ ലക്ഷ്യം. നിലവിൽ 9-10 വയസ്സുള്ള ചെറിയ കുഞ്ഞുങ്ങളിൽ വരെ ആർത്തവം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, അവർക്ക് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നൽകേണ്ട മാനസിക പിന്തുണയെക്കുറിച്ച് പരിപാടിയിൽ പ്രത്യേക ബോധവൽക്കരണം ഉണ്ടാകും.
ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വ രീതികൾ, സാനിറ്ററി പാഡുകൾ കൃത്യമായ സമയത്ത് മാറ്റേണ്ടതിന്റെയും അവ സുരക്ഷിതമായി സംസ്‌കരിക്കേണ്ടതിന്റെയും ആവശ്യകത, ഹീമോഗ്ലോബിൻ കുറവ് പരിഹരിക്കാനുള്ള ഭക്ഷണക്രമം, പ്രകൃതിദത്ത ജ്യൂസുകൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിക്കും.
ഇതിനൊപ്പം തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സുരക്ഷിതമായ സാനിറ്ററി ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയാത്ത ‘ആർത്തവ ദാരിദ്ര്യം’ (Menstrual Poverty) നേരിടുന്നവരെ സഹായിക്കാനുള്ള ചർച്ചകളും, പുരുഷന്മാർക്കും ആൺകുട്ടികൾക്കും ഈ വിഷയത്തിൽ നൽകേണ്ട ശാസ്ത്രീയമായ അറിവുകളും, പ്രായമായ സ്ത്രീകളിലെ ആർത്തവ വിരാമ (Menopause) ബുദ്ധിമുട്ടുകളും പരിപാടിയുടെ ഭാഗമായി ചർച്ച ചെയ്യും.
പാലാ രൂപതയിലെ നൂറ്റമ്പതോളം കുടുംബ കൂട്ടായ്മകളുടെയും വിവിധ സംഘടനകളുടെയും വലിയ പിന്തുണ ഈ പരിപാടിക്കുണ്ട്. മനുഷ്യരാശിയുടെ നിലനിൽപ്പിനെ ആദരിക്കുന്ന ഈ മഹത്തായ ബോധവൽക്കരണ പരിപാടിയിലേക്ക് എല്ലാ മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി വിസിബ് ഭരണസമിതി സെൻട്രൽ സിൻഡിക്കേറ്റും മറ്റ് സംഘാടകരും അറിയിച്ചു.















