ഭരണങ്ങാനം: പാലാ രൂപത കെ.സി.എസ്.എൽ. (KCSL) ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് ‘അഡ് ആസ്ട്ര’ (Ad Astra) ഭരണങ്ങാനം മാതൃഭവനിൽ ആരംഭിച്ചു. പാലാ രൂപത വികാരി ജനറാൾ ഡോ . സെബാസ്റ്റ്യൻ വേത്താനത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കുട്ടികളിലെ സർഗ്ഗാത്മകതയും നേതൃത്വപാടവവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പാലാ രൂപതയിലെ വിവിധ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 77 വിദ്യാർത്ഥികളാണ് ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്.
ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ അതിജീവിച്ച് ഉന്നത ലക്ഷ്യങ്ങളിലേക്ക് കുതിക്കാൻ വിദ്യാർത്ഥികൾക്ക് ഇത്തരം കൂട്ടായ്മകൾ കരുത്തുപകരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ . സെബാസ്റ്റ്യൻ വേത്താനത്ത് ഓർമ്മിപ്പിച്ചു. വ്യക്തിത്വ വികസനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, നേതൃത്വ പരിശീലനം എന്നിവയ്ക്ക് മുൻഗണന നൽകുന്ന വിവിധ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടക്കും.
രൂപതയിലെ പ്രമുഖ അധ്യാപകരും പരിശീലകരും ക്യാമ്പിന് നേതൃത്വം നൽകുന്നു.















