ലോക ദൈവവിളികൾക്കായുള്ള പ്രാർത്ഥനാ ദിനമായ ഈ വരുന്ന ഏപ്രിൽ 26 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെ 8 ഡീക്കന്മാര്ക്ക് ലെയോ പാപ്പ തിരുപ്പട്ടം നല്‍കും. നിരവധി കര്‍ദ്ദിനാളുമാരും മെത്രാപ്പോലീത്താന്മാരും മെത്രാന്മാരും വൈദികരും നവവൈദികരുടെ
ബന്ധുക്കളും തിരുപ്പട്ട ശുശ്രൂഷയില്‍ പങ്കെടുക്കും. ലോകമെമ്പാടുമുള്ള പൗരോഹിത്യ, സമര്‍പ്പിത വിളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 1964-ൽ പോൾ ആറാമൻ മാർപാപ്പ സ്ഥാപിച്ച ലോക ദൈവവിളികൾക്കായുള്ള പ്രാർത്ഥനാ ദിനത്തിലാണ് തിരുപ്പട്ട സ്വീകരണ ചടങ്ങ് നടക്കുകയെന്നത് ശ്രദ്ധേയമാണ്.
തിരുപ്പട്ട സ്വീകരണത്തിന് ഒരുക്കമായി ഇന്നു ഏപ്രിൽ 24 വെള്ളിയാഴ്ച രാത്രി എട്ട് ഡീക്കന്മാരും സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ദൈവവിളികൾക്കായുള്ള ജാഗരണ പ്രാർത്ഥനയില്‍ സംബന്ധിക്കും. വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കുമായുള്ള കോണ്ഗിഗ്രേഷന്, വൈദികര്‍ക്കായുള്ള വിഭാഗം, ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ നാഷണൽ ഓഫീസ് ഫോർ വൊക്കേഷണൽ പാസ്റ്ററൽ കെയർ, റോം രൂപത എന്നിവയുടെ ആഭിമുഖ്യത്തിലാണ് ജാഗരണ പ്രാർത്ഥന സംഘടിപ്പിക്കുന്നത്.
















