രണ്ടാംഘട്ട സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ കോൺഗ്രസ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ ചേരും. രാവിലെ 11.30ന് ആണ് യോഗം. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചേക്കും.
അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. 9 വനിതകളടക്കം 55 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. തർക്ക മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 19 സിറ്റിംഗ് എംഎൽഎമാർ അടക്കം 55 സ്ഥാനാർത്ഥികളാണ് ആദ്യഘട്ട പട്ടികയിൽ.
കെ സുധാകരൻ അവകാശവാദം ഉന്നയിച്ച കണ്ണൂരും അടൂർ പ്രകാശ് ആവശ്യപ്പെട്ട കോന്നിയിലും ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. തൃപ്പൂണിത്തുറ, പെരുമ്പാവൂർ, മണ്ഡലങ്ങൾ ആദ്യഘട്ട പട്ടികയിൽ ഇല്ല. എംകെ രാഘവൻ എംപി മത്സരിക്കാൻ സന്നദ്ധത അറിയിച്ച ഏലത്തൂരിൽ വിദ്യാ ബാലകൃഷ്ണനാണ് സ്ഥാനാർത്ഥി. സണ്ണി എം കപിക്കാട് സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന വൈക്കത്ത് കെ ബിനിമോനാണ് സ്ഥാനാർഥി.















