വയനാട് തുരങ്കപാത നിർമാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീംകോടതിയിൽ തടസഹർജി ഫയൽ ചെയ്തു. പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകൾ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.
പരിസ്ഥിതി സംഘടനകളുടെ ഹർജി പരിഗണിക്കുമ്പോൾ തങ്ങളുടെ ഭാഗം കൂടി കേൾക്കാതെ പദ്ധതിക്ക് സ്റ്റേ അനുവദിക്കരുതെന്നാണ് തടസഹർജിയിലൂടെ സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി നിയമപരമാണെന്നും പാതയുടെ അനിവാര്യത കോടതിയെ ബോധ്യപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് പദ്ധതിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 2024-ലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലുകൾ നടന്ന അതീവ പരിസ്ഥിതി ലോല മേഖലയിലാണ് തുരങ്കം നിർമിക്കുന്നതെന്നും വേണ്ടത്ര പഠനങ്ങൾ നടത്തിയിട്ടില്ലെന്നുമാണ് ഇവരുടെ വാദം. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.













