സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ വിജയകരമായ ചർച്ചയ്ക്ക് പിന്നാലെയാണ് 37 ദിവസം നീണ്ടുനിന്ന പ്രക്ഷോഭം അവസാനിപ്പിക്കാൻ ഉദ്യോഗാർഥികൾ തീരുമാനിച്ചത്. സമര നേതാവ് വളർമതിക്ക് മന്ത്രി നേരിട്ട് വെള്ളം നൽകിയാണ് സമരം അവസാനിപ്പിച്ചത്.
എല്ലാ ഒഴിവുകളിലും അടിയന്തരമായി നിയമനം നടത്തുമെന്നും, എയ്ഡഡ് മേഖലയിലെ പോലെ സർക്കാർ മേഖലയിലും തസ്തികകൾക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും സർക്കാർ ഉറപ്പുനൽകിയതായി ഉദ്യോഗാർഥികൾ വ്യക്തമാക്കി. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ വിഷയം പരിഗണിക്കാമെന്നാണ് സർക്കാരിന്റെ ഉറപ്പ്.
എന്നാൽ, നൽകിയ ഉറപ്പുകൾ പ്രകാരം സെപ്റ്റംബർ 24-നുള്ളിൽ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം പുനരാരംഭിക്കുമെന്ന് സമര നേതാവ് വളർമതി അറിയിച്ചു.















