കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽ പ്രളയത്തിന് പിന്നാലെ ത്രിശൂലി നദിയിലെ അവശിഷ്ടങ്ങൾ ഒഴുക്ക് തടസ്സപ്പെടുത്തുന്നതിനാൽ വീണ്ടും പ്രളയസാധ്യതയെന്ന് മുന്നറിയിപ്പ്. അടിയന്തര സാഹചര്യത്തിൽ പ്രളയത്തിന്റെ രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ‘ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ്’ (ICIMOD) മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
അതേസമയം, പ്രളയബാധിത മേഖലയിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം സുരക്ഷിതമായി ഹോട്ടലിൽ എത്തിച്ചേർന്നു. കൊച്ചിയിലെ ട്രാവൽ ഏജൻസി വഴി ഓഗസ്റ്റ് 23-ന് നേപ്പാളിലെത്തിയ സംഘം ആറ് മണിക്കൂറോളം റോഡിൽ കുടുങ്ങിയിരുന്നു. ഓഗസ്റ്റ് 29-ന് ഇവർ കേരളത്തിലേക്ക് മടങ്ങും.
ദുരന്തത്തിൽ മരണം 165 ആയി ഉയർന്നു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ രസുവ, നുവാകോട്ട് ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനായി 2,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. തൃശൂലി ജലവൈദ്യുത പദ്ധതിയുടെ ടണലിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികൾ ഉൾപ്പെടെ 97 പേരെ സേന ഇതിനോടകം സുരക്ഷിതമായി പുറത്തെടുത്തു.

















