മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ കടുത്ത ആക്രമണങ്ങൾ നേരിട്ട ലെബനോനിലെ ക്രൈസ്തവര്‍ക്കും മറ്റ് ജനങ്ങള്‍ക്കും തന്റെ സാമീപ്യമറിയിച്ച് ലെയോ പാപ്പയുടെ സന്ദേശം. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഒപ്പിട്ട് പരിശുദ്ധ പിതാവിന്റെ പേരിലയച്ച സന്ദേശം, രാജ്യത്തെ അപ്പസ്തോലിക
ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് പാളോ ബോർജ്യ, ദെയ്ർ കിഫായിലുള്ള ക്യാമ്പിൽ നിന്ന് ടെലിവിഷൻ ചാനലുകളിലൂടെ ജനത്തിനായി വായിച്ചു.
കഴിഞ്ഞ ദിവസം ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവർ ചേര്‍ന്നുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും, ലെബനോനെ അതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രസ്താവിച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മാത്രം ലെബനനിൽ കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പാപ്പയുടെ സാന്ത്വന സന്ദേശമെന്നത് ശ്രദ്ധേയമാണ്. ധൈര്യം നഷ്ടപ്പെടുത്തരുതെന്ന് ആഹ്വാനമേകിയും, തെക്കൻ ലെബനോനിലെ ക്രൈസ്തവരുൾപ്പെടെ ഏവർക്കും തന്റെ സാമീപ്യം ഉറപ്പു നൽകിയുമാണ് ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശം.















