അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട പ്രൊഫഷണൽ രാജ്യാന്തര കരിയറിനാണ് 39-ാം വയസ്സിൽ താരം തിരശ്ശീലയിടുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിലൂടെയാണ് താരം തൻ്റെ തീരുമാനം ലോകത്തെ അറിയിച്ചത്.
പിതാവിന്റെ വേർപാടിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങുന്നതിന്റെ സൂചനകൾ മെസ്സി നൽകിയിരുന്നു. അർജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദി പറയുന്നതായും അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് പടിയിറങ്ങുന്നതെന്നും മെസ്സി കുറിപ്പിൽ വ്യക്തമാക്കി. ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് തീരുമാനമെങ്കിലും പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുക്കേണ്ട സമയം ഇതാണെന്ന് താൻ തിരിച്ചറിയുന്നുവെന്ന് താരം കൂട്ടിച്ചേർത്തു.
അർജന്റീനയ്ക്കായി 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ നേടിയ മെസ്സി, 2022-ലെ ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് ടീമിനെ നയിച്ചു. 2008-ലെ ഒളിമ്പിക്‌സ് സ്വർണ്ണമെഡലും 2021, 2024 വർഷങ്ങളിലെ കോപ്പ അമേരിക്ക കിരീടങ്ങളും മെസ്സി അർജന്റീനയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇനി മുതൽ ഗാലറിയിലിരുന്ന് ഒരു സാധാരണ ആരാധകനായി ടീമിനായി ശബ്ദമുയർത്തുമെന്നും തനിക്ക് പിന്തുണ നൽകിയ കുടുംബത്തിനും പരിശീലകർക്കും സഹതാരങ്ങൾക്കും ആരാധകർക്കും നന്ദി അറിയിക്കുന്നതായും പറഞ്ഞാണ് ഇതിഹാസ താരം വിടവാങ്ങൽ കുറിപ്പ് അവസാനിപ്പിച്ചത്.

















