ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തിൽ മുൻ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനാണെന്ന് പാർലമെന്റ് നിയോഗിച്ച അന്വേഷണ സമിതി. ഡൽഹി തുഗ്ലക്ക് ക്രസന്റിലെ വസതിയോട് ചേർന്നുള്ള സ്റ്റോർറൂമിൽ നിന്ന് 500 രൂപയുടെ കത്തിക്കരിഞ്ഞതും പകുതി കത്തിയതുമായ വൻ തുകയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഉന്നയിക്കപ്പെട്ട മൂന്ന് പ്രധാന ആരോപണങ്ങളും തെളിഞ്ഞതായി ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
തീപിടുത്ത വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥരാണ് നോട്ടുകെട്ടുകൾ കാണുകയും ഫോട്ടോകളും വീഡിയോകളും പകർത്തി മേലുദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തത്. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലല്ല, കൃത്യമായ തെളിവുകളുടെ വെളിച്ചത്തിലാണ് അന്വേഷണം നടത്തിയതെന്ന് സമിതി വ്യക്തമാക്കി. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ജസ്റ്റിസ് യശ്വന്ത് വർമ്മ നൽകിയ വിശദീകരണം തൃപ്തികരമോ വ്യക്തതയുള്ളതോ അല്ലെന്ന് സമിതി വിലയിരുത്തി. കൂടാതെ, നിയമപരമായ പരിശോധനകൾക്ക് മുമ്പ് സ്റ്റോർറൂമിലെ തെളിവുകൾ നശിപ്പിക്കപ്പെടുകയും പണം മാറ്റപ്പെടുകയും ചെയ്തുവെന്നും സമിതി കണ്ടെത്തി. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്.















