ആർത്തുവിളിക്കുന്ന ലോകകപ്പ് ഗാലറികളെ നിശ്ശബ്ദമാക്കിക്കൊണ്ട് ആ പേര് വീണ്ടും ഉയരുകയാണ്. യുദ്ധവെറിയിൽ ജീവനറ്റ നിഷ്കളങ്ക ബാല്യത്തിന്റെ പേരാണ്, ഹിന്ദ് റജബ്. മനുഷ്യമനസാക്ഷിക്കേറ്റ വലിയ മുറിവാണവൾ. ഇരുട്ടു വീഴുന്നു,രാത്രിയാകുന്നു, എന്നെ ഇവിടെ നിന്നൊന്ന് കൊണ്ടുപോകുമോ.
കലങ്ങിയ കണ്ണുകളും വിറച്ച ചുണ്ടുകളുമായി, അവൾ ലോകത്തോട് ചോദിച്ച അവസാന ചോദ്യമായിരുന്നു അത്. ചുറ്റും പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ. ചോരയുറഞ്ഞുപോയ ആ കാറിലിരുന്ന്, ആ ആറുവയസ്സുകാരി ജീവനായി കരഞ്ഞപ്പോൾ ലോകത്തിന്റെ മനസ്സാക്ഷി
ഒന്നുലഞ്ഞതാണ്. രക്ഷാപ്രവർത്തകർ ഓടിയെത്തും മുൻപേ, ചോരക്കൊതി തീരാത്ത ഇസ്രയേൽ സൈന്യം ആ പിഞ്ചോമനയുടെ നെഞ്ചിലേക്ക് വെടിയുണ്ടകൾ പായിച്ചു. വെടിയൊച്ചകൾ നിലയ്ക്കാത്ത ഗസ്സയുടെ മണ്ണിൽ നിന്ന് ജീവനും കൊണ്ട് ഓടിയതാണ് ആ കുടുംബം. സഹായത്തിനായി ഫോണിൽ കരഞ്ഞ ഹിന്ദിന്റെ ശബ്ദം ഇന്നും ലോകത്തിന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്.















