ഏറ്റുമാനൂർ: ആവേശലഹരിയിൽ ആറാടി ഏറ്റുമാനൂർ! നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എൻ. വാസവന്റെ നേതൃത്വത്തിൽ നടന്ന കൊട്ടിക്കലാശം നിയോജകമണ്ഡലത്തെ ചെങ്കടലാക്കി മാറ്റി. വിജയവിളംബരം മുഴക്കി ആയിരങ്ങൾ നഗരഹൃദയത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ ഏഴരപ്പൊന്നാനയുടെ മണ്ണിൽ ആവേശപ്പൂരം തീർന്നു.
മാറ്റൊലി കൊണ്ട് മുദ്രാവാക്യങ്ങൾ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാന്നാനം, അതിരമ്പുഴ, നീണ്ടൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമാണ് സംഗമിച്ചത്. തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് വി.എൻ. വാസവൻ എത്തിയതോടെ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചു. സെൻട്രൽ ജങ്‌ഷനിലേക്ക് നീങ്ങിയ വാഹനവ്യൂഹം കണ്ണെത്താദൂരത്തോളം നീണ്ടുനിന്നു.
ആവേശം വിതറി വാദ്യമേളങ്ങളും ഡിജെയും കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടുവാൻ വാദ്യമേളങ്ങളും കൊട്ടക്കാവടിയും അണിനിരന്നു. യുവാക്കളുടെ ആവേശം വാനോളമുയർത്തി ഡിജെ സംഗീതവും തീപ്പാട്ട് സംഘത്തിന്റെ പ്രകടനവും നഗരത്തെ ഇളക്കിമറിച്ചു. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച ആഘോഷങ്ങൾ ആറ് മണിയോടെയാണ് സമാപിച്ചത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലും സമാനമായ രീതിയിൽ കൊട്ടിക്കലാശം സംഘടിപ്പിച്ചു.
അവസാന നിമിഷവും വോട്ടർമാർക്കൊപ്പം പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ചൊവ്വാഴ്ച രാവിലെ മുതൽ സ്ഥാനാർത്ഥി സജീവമായിരുന്നു. ഭവനസന്ദർശനങ്ങൾക്ക് പുറമെ ബാർ അസോസിയേഷൻ അംഗങ്ങളുടെ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. അതിരമ്പുഴ, ഏറ്റുമാനൂർ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ടെത്തി വോട്ട് അഭ്യർത്ഥിച്ച സ്ഥാനാർത്ഥിക്ക് ലഭിച്ച ഉജ്ജ്വല സ്വീകരണം എൽ.ഡി.എഫ് ക്യാമ്പുകളിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.















