പാലാ: കെ സി ബി സി വിദ്യാഭ്യാസ കമ്മീഷൻ്റെ കീഴിലുള്ള കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഈ വർഷത്തെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിക്ക് തിളക്കമാർന്ന നേട്ടം. കേരളത്തിലെ 32 രൂപതകളിലും വച്ച് ഏറ്റവും മികച്ച രൂപത വിദ്യാഭ്യാസ ഏജൻസിയായി പാലാ രൂപത തിരഞ്ഞെടുക്കപ്പെട്ടു.
മാതൃകാപരമായ ഒട്ടനവധി അധ്യാപക / വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങൾ കൊണ്ട് കേരളത്തിലെ ഏറ്റവും മികച്ച രൂപത വിദ്യാഭ്യാസ ഏജൻസിയായി പാലാ രൂപത തെരെഞ്ഞെടുക്കപ്പെട്ടതിൽ കോർപ്പറേറ്റ് മാനേജർ കൂടിയായ മാർ ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ , ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ , മറ്റ് അധ്യാപക / അനധ്യാപകർ ഓരോരുത്തരെയും അഭിനന്ദിച്ചു.
ഉന്നത നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പിതാവ് വ്യക്തമാക്കി.
പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് ഈ വർഷം നടപ്പാക്കിയ പ്രധാന പരിപാടികൾ :-
- കോർപ്പറേറ്റിനു കീഴിൽ പഠിക്കുന്നതും 4 കുട്ടികളുള്ളതുമായ ഭവനരഹിതരായ രണ്ടു കുടുംബങ്ങൾക്ക് വീടു നിർമ്മിച്ചു നൽകൽ
- രക്തദാനം മഹാദാനം – രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ അധ്യാപക /അനധ്യാപകർ ചേർന്ന് രക്തദാനം
കൂടാതെ, വിവിധ സ്കൂൾ തല യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ രക്തദാനം സംഘടിപ്പിച്ചു. - HSE പരീക്ഷയിൽ മുഴുവൻ മാർക്കു വാങ്ങിയ കുട്ടികളെ ആദരിക്കൽ
- SSLC / +2 പരീക്ഷകളിൽ ഫുൾ A+ കരസ്ഥമാക്കിയ കുട്ടികളെയും 100% വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും ആദരിക്കുന്നതിനായി ‘വിജയദിനാഘോഷം – 2025’
- പ്രൈമറി അധ്യാപകർക്കായി മൂന്നു ഘട്ടങ്ങളിലായുള്ള മൂന്നു ദിനങ്ങൾ വീതമുള്ള ഇംഗ്ലീഷ് ഭാഷാ പ്രയോഗ പരിശീലന പരിപാടി
- പ്രത്യേക കൈപ്പുസ്തകം തയ്യാറാക്കി പ്രൈമറി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രയോഗം മെച്ചപ്പെടുത്തൽ
- സ്കൂൾ വേദപാഠ പുസ്തക നവീകരണത്തോടനുബന്ധിച്ച് ഓരോ ക്ലാസ്സിലും പഠിപ്പിക്കുന്ന അധ്യാപകർക്കായ് ശില്പശാല
- 2025-26 വർഷം കോർപ്പറേറ്റിൽ പുതിയതായി നിയമിക്കപ്പെട്ട അധ്യാപകർക്ക് ഏകദിന പരിശീലനം
- ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ വിശ്വാസപരിശീലനത്തിലേർപ്പെട്ടിരിക്കുന്ന അധ്യാപകർക്കായി ഏകദിന ശില്പശാല
- കുട്ടികളും കൃഷിയിലേക്ക് പദ്ധതി പ്രകാരം നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അധ്യാപക കോ-ഓർഡിനേറ്റർമാരുടെ സംഗമം
- ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി അധ്യാപക പരിശീലനങ്ങൾ
- സവിശേഷ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവർക്ക് മാതൃകയായിത്തീർന്ന അധ്യാപക / അനധ്യാപകരെയും സ്കൂളുകളെയും പ്രത്യേകമായി കണ്ടെത്തി ആദരിക്കൽ.
- അധ്യാപകർക്കിടയിൽ സ്നേഹവും കരുതലും സഹകരണവും വർധിപ്പിക്കാനുതകും വിധമുള്ള കുടിച്ചേരലുകൾ – പ്രത്യേകിച്ച് വാർഷിക സമ്മേളനം : മെഗാ മീറ്റ്.
- അധ്യാപക / അനധ്യാപകർക്കായി ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ്
- കോർപ്പറേറ്റിനു കീഴിലെ സ്കൂളുകളിൽ കായിക സംസ്ക്കാരം വളർത്തിയെടുക്കുന്നതിനായി സ്കൂൾ ടീമുകൾ തമ്മിലുള്ള ഫുട്ബോൾ ലീഗ് .
മേല്പറഞ്ഞ , രൂപതാ തല പ്രവർത്തനങ്ങൾ കൂടാതെ , കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ സംസ്ഥാന സമിതിയുടെ നിർദ്ദേശപ്രകാരമുള്ള പ്രതിഷേധ സമരങ്ങൾ – സ്കൂൾ /രൂപത / ജില്ല / സംസ്ഥാന തലങ്ങളിൽ പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് സജീവ പങ്കാളിത്തവും നേതൃത്വവും നൽകി. ഭിന്നശേഷി സംവരണ പ്രശ്നത്തിൽ നിയമന നിരോധനത്തിനെതിരെ നിവേദനം നൽകൽ, സിസ്റ്റേഴ്സിൻ്റെ അറസ്റ്റിൽ , ഞായറാഴ്ച പ്രവൃത്തി ദിനമാക്കരുത് തുടങ്ങിയ സംസ്ഥാന/ അന്തർ സംസ്ഥാന വിഷയങ്ങളിലുള്ള രൂപതാസമിതിയുടെ ഇടപ്പെടൽ തുടങ്ങിയവ ശ്രദ്ധാർഹമായ പ്രവർത്തനങ്ങളായിരുന്നു.
ചങ്ങനാശ്ശേരിയിൽ വച്ച് നടത്തപ്പെട്ട കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ സംസ്ഥാന സമ്മേളനത്തിൽ വച്ച് ഏറ്റവും മികച്ച കോർപ്പറേറ്റിനുള്ള അവാർഡ് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ റൈറ്റ് റവ. ഡോ. പോൾ ആൻ്റണി മുല്ലശ്ശേരി പിതാവിൻ്റെ പക്കൽ നിന്ന് പാലാ രൂപത വിദ്യാഭ്യാസ ഏജൻസിക്കു വേണ്ടി കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ , ടീച്ചേഴ്സ് ഗിൽഡ് പ്രസിഡൻ്റ് ജോബി കുളത്തറ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
പാലാ രൂപത ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. ജോർജ് വരകുകാലാപറമ്പിൽ , സെക്രട്ടറി ഷിനു ആനത്താരയ്ക്കൽ , ട്രഷറർ ബെന്നിച്ചൻ പി. ഐ., പാലാ രൂപതയിൽ നിന്നുള്ള അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.












