ആണവായുധങ്ങൾ നിർമ്മിക്കാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഏത് തരത്തിലുള്ള പരിശോധനകൾക്കും രാജ്യം തയ്യാറാണെന്നും പെസഷ്കിയാൻ വ്യക്തമാക്കി. ഇറാനുമായി വിലപേശലുകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി.
വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അടച്ചിട്ട മുറിയിൽ ട്രംപ് മൂന്ന് മണിക്കൂർ കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടില്ല. ഇറാനുമായി ആണവകരാറിലെത്താനാകുമോ എന്നു പരിശോധിച്ചുവരികയാണെന്നും ചർച്ച തുടരുമെന്നാണ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കുന്നത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മൂന്നു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പരാമർശം. ആണവ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിന്റെ സുരക്ഷാ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായി നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.












