പാലാ: വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള അംഗീകാരമായി KCBC കാത്തലിക്ക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന രണ്ട് സുപ്രധാന പുരസ്കാരങ്ങൾ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ‘ഔട്ട്സ്റ്റാൻഡിംഗ് സ്കൂൾ അവാർഡ്’ സ്കൂളിനും സ്കൂളിന്റെ പ്രിൻസിപ്പൽ റെജിമോൻ കെ. മാത്യുവിന് ‘ഔട്ട്സ്റ്റാൻഡിംഗ് ടീച്ചർ അവാർഡുമാണ് ലഭിച്ചത്.
അക്കാദമിക് മികവ്, ശാസ്ത്രീയ പഠനരീതികൾ, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, വിദ്യാർത്ഥി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് സെന്റ് തോമസ് എച്ച്.എസ്.എസ് പാലായെ ഹയർ സെക്കൻഡറി വിഭാഗത്തിലെ ഔട്ട്സ്റ്റാൻഡിംഗ് സ്കൂളായി തിരഞ്ഞെടുത്തത്. വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന വിദ്യാഭ്യാസ സമീപനവും അധ്യാപക സമൂഹത്തെ ഏകോപിപ്പിച്ച് മുന്നോട്ടു നയിക്കുന്ന ദീർഘദർശിയായ നേതൃത്വവുമാണ് പ്രിൻസിപ്പൽ റെജിമോൻ കെ. മാത്യുവിനെ ഔട്ട്സ്റ്റാൻഡിംഗ് ടീച്ചർ അവാർഡിന് അർഹനാക്കിയത്. സ്കൂൾ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ്ജ് പുല്ലുകാലായിൽ , പി.റ്റി.എ. പ്രസിഡൻ്റ് ശ്രീ. വി. എം. തോമസ് എന്നിവർ അഭിനന്ദിച്ചു.
ഈ ഇരട്ട നേട്ടം സ്കൂളിലെ അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് സ്കൂൾ മാനേജർ വെരി റവ. ഫാ. ജോസഫ് മലേപ്പറമ്പിൽ അഭിപ്രായപ്പെട്ടു. ലഭിച്ച പുരസ്കാരങ്ങൾ ഭാവിയിൽ കൂടുതൽ ഗുണമേന്മയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്താനുള്ള പ്രചോദനമാകുമെന്ന് പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു പറഞ്ഞു.
2026 ഫെബ്രുവരി 14 ന് ചങ്ങനാശ്ശേരിയിൽ നടക്കുന്ന KCBC ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനത്തിൽ വച്ച് അവാർഡുകൾ സമ്മാനിക്കും.













