അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചിലവ് വഹിക്കാനും 1900 കോടി രൂപ കിഫ്ബി വഴി നൽകാനും തീരുമാനിച്ച് മന്ത്രിസഭാ യോഗം. 1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിന്‍റെ സമഗ്ര
വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനൊപ്പം എറണാകുളം,
ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും.












