പാലാ: ചക്കാമ്പുഴയിലെ മീനച്ചിൽ റബ്ബർ ട്രേഡേഴ്സ് ഉടമ രാജേഷിന്റെ പിതാവ് ശശീന്ദ്രനെ കടയിൽ കയറി അക്രമിക്കുകയും കട അടിച്ചുതകർക്കുകയും ചെയ്ത നടപടിയിൽ പാലാ മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്സ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം ശശീന്ദ്രൻ കടയിൽ ഇരിക്കുമ്പോൾ അയൽവാസിയായ രാജേഷ് അബ്രഹാം കുന്നേൽ എന്നയാൾ കടയിലെത്തി അസഭ്യം പറയുകയും, വാക്കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും കടയിലെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയുമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ഈ അക്രമം വ്യാപാരികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സംഭവത്തിൽ കുറ്റക്കാരനായ രാജേഷ് അബ്രഹാമിനെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ പോലീസിനോട് ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് സോജൻ തറപ്പേലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ജോസുകുട്ടി പൂവേലിൽ, പി.എം. മാത്യു ചോലിക്കര, സുരിൻ പൂവത്തിങ്കൽ, ഗിൽബി നെച്ചിക്കാട്ട്, സിബി V.A, ജോസ് കല്ലകത്ത്, ഫ്രാൻസിസ് മാധവത്ത്, സിബിച്ചൻ ചൊവ്വേലിക്കുടിയിൽ, അലക്സ് മൂഴയിൽ, തങ്കച്ചൻ പുളിയാർമറ്റം എന്നിവർ പ്രസംഗിച്ചു.













