കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് അവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി കേരള സർക്കാർ നിയോഗിച്ചിരുന്ന ജസ്റ്റിസ് ജെ. ബി. കോശി അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോർട്ട് കേരള സർക്കാരിന്റെ പരിഗണനയിലാണ്. കമ്മീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് ഇതുവരെ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടില്ല.
കമ്മീഷൻ ശിപാർശ ചെയ്തുവെന്ന് കരുതപ്പെടുന്ന നിർദ്ദേശങ്ങൾ അടങ്ങിയ സർക്കാരിന്റെ ഒരു അനൗദ്യോഗിക കത്ത് മാത്രമാണ് ഇപ്പോൾ പൊതു മണ്ഡലത്തിൽ ലഭ്യമായിട്ടുള്ളത്. ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അതിലെ ശിപാർശകൾ വേണ്ടത്ര കൂടിയാലോചനകളിലൂടെ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുകയുമാണ് ആവശ്യമായിട്ടുള്ളത്.
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ 29.12.2025 നു ചേർന്ന യോഗത്തിൽ, ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്റെ ശിപാർശയുടെ നടപ്പാക്കൽ എന്നനിലയിൽ സൺഡേസ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിക്കുകയുണ്ടായി. അതിവേഗത്തിൽ നടപ്പിലാക്കേണ്ട ഒരു നിർദ്ദേശമോ നടപടിയോ അല്ല ഇത്. അവധാനതയോടെ, ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ടഒരു നിർദ്ദേശമാണ് ഇത്.












