കടനാട്: മലങ്കരയിലെ മാർത്തോമാ നസ്രാണി സമുദായത്തിൻ്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച ഗോവർണദോർ പാറേമാക്കൽ മാർ തോമാ കത്തനാരുടെ 290-ാം ജന്മദിനാഘോഷം അദ്ദേഹത്തിൻ്റെ ജന്മസ്ഥലമായ കടനാട്ടിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.
സെപ്റ്റംബർ പത്തിന് വൈകുന്നേരം അഞ്ചുമണിക്ക് പൊതുസമ്മേളനം . പാലാ രൂപതയുടെ മെത്രാനും സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്, കേരള കൗൺസിൽ ഓഫ് ചർച്ചസ് ചെയർമാൻ അലക്സിയോസ് മാർ യൗസേബിയൂസ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.
പാലാ രൂപത വികാരി ജനറൽ മോൺ. ജോസഫ് മലേപറമ്പിൽ, കടനാട് ഫൊറോനാ പള്ളി വികാരി ഫാ. ജോസഫ് പാനാംപുഴ, രാമപുരം ഫൊറോനാ പള്ളി വികാരി ഫാ. ബർക്കുമാൻസ് കുന്നുംപുറം, ശ്രീ. ടോമി കല്ലാനി, ഷെവ. ഉമ്മച്ചൻ വേങ്കടത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നു.
1736 സെപ്റ്റംബർ 10-ന് ജനിച്ച മാർ തോമാ കത്തനാരുടെ എട്ടുവർഷം നീണ്ട റോമാ-പോർച്ചുഗൽ യാത്രയും, സഭയുടെ നേതൃത്വപരമായ പങ്കും, ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്തെ സാഹസികമായ പ്രവർത്തനങ്ങളും, ‘വർത്തമാനപുസ്തകം’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിൻ്റെ രചനയും അദ്ദേഹത്തെ അതുല്യപ്രതിഭയാക്കി. ഇരുപതാം നൂറ്റാണ്ടിലെ സഭൈക്യ മുന്നേറ്റങ്ങൾക്ക് നൂറ്റാണ്ടുകൾക്ക് മുമ്പേ സഭകളുടെ ഐക്യം പ്രാവർത്തികമാക്കിയ ദീർഘദർശിയായി അദ്ദേഹം വിലയിരുത്തപ്പെടുന്നു.
വിദേശ ഭരണം അനുവദിക്കാതെ സഭയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാവും, ചിതറിക്കിടന്ന നാട്ടുരാജ്യങ്ങൾക്കിടയിൽ ഒരു ഭാരതീയ ദേശീയ ബോധത്തിന് തുടക്കമിട്ട വ്യക്തിത്വവുമാണ് മാർ തോമാ കത്തനാർ. അദ്ദേഹത്തിൻ്റെ ജീവിതവും സംഭാവനകളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജന്മദിനാഘോഷം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി വൈദികർ, കൈക്കാരന്മാർ, പാറേമ്മാക്കൽ കുടുംബയോഗ പ്രതിനിധികൾ, അൽമായർ എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. പത്രസമ്മേളനത്തിൽ മോൺ. ജോസഫ് മലേപ്പറമ്പിൽ, ഫാ. സിറിൾ തയ്യിൽ, സെന്നിച്ചൻ കുര്യൻ, ബിനു വള്ളോംപുരയിടം, ബെന്നി ഈന്തനാക്കുന്നേൽ, തോമസ് കാവുംപുറം തുടങ്ങിയവർ പങ്കെടുത്തു.













