കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്.പി ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്.
കേസിൽ 17 കേസുകളിൽ കുറ്റപത്രം തയ്യാറായെന്നും സമാന സ്വഭാവമുള്ള മറ്റ് കേസുകളിൽ ഏകീകരിച്ച് കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വിജിലൻസ് എസ്.പി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേസിന്റെ നിലവിലെ പുരോഗതിയും നടപടികളും സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടത്.
പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നബാർഡ്, പിന്നാക്ക വികസന കോർപ്പറേഷൻ എന്നിവ വഴി അനുവദിച്ച ഗ്രാൻഡ് തുകയിൽ അമിത പലിശ ഈടാക്കി സർക്കാരിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 124 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വെള്ളാപ്പള്ളി നടേശൻ, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് എം.എൻ. സോമൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരാണ് പ്രതിപ്പട്ടികയിലുള്ളത്.















