കടപ്ലാമറ്റം: കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 68-ാം ചരമവാർഷികവും ശ്രാദ്ധവും ഭക്തിനിർഭരമായി ആചരിച്ചു. 2025 സെപ്റ്റംബർ 7 ഞായറാഴ്ചയായിരുന്നു ചടങ്ങുകൾ നടന്നത്.
രാവിലെ 10 മണിക്ക് കല്യാൺ രൂപത ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും വചനസന്ദേശവും നടന്നു. തുടർന്ന് നാമകരണ പ്രാർത്ഥന, ഒപ്പീസ്, ശ്രാദ്ധ വെഞ്ചരിപ്പ് എന്നിവയും ഉണ്ടായിരുന്നു. ഫാ. അജോ പേഴുംകാട്ടിൽ സഹകാർമ്മികനായിരുന്നു.
വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിത മാതൃകക്ക് തുല്യമായ ജീവിതം നയിച്ചിരുന്ന യൗസേപ്പച്ചൻ അധികം താമസിയാതെ പാലാ രൂപതയിലെ വിശുദ്ധനായി തീരുമെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വചനസന്ദേശത്തിൽ പറഞ്ഞു.
ഫൊറോന പള്ളി വികാരി ഫാ. ജോസഫ് മുളഞ്ഞനാൽ, അസി. വികാരി ഫാ. ജോസഫ് തേവർപറമ്പിൽ, പള്ളി കൈക്കാരന്മാരായ ജോസ് മാത്യു പഴുപ്ലാക്കിൽതെക്കേൽ, മാത്തുക്കുട്ടി തോമസ് പാലാംതട്ടേൽ, ഷാജി സെബാസ്റ്റ്യൻ കൊച്ചറക്കൽ, പള്ളി യോഗ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തിരുക്കർമ്മങ്ങൾ ഭംഗിയായി പൂർത്തിയാക്കി.
പാലാ ലാളം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, ഫാ. സോനു കുളത്തൂർ, അൽഫോൻസാഗിരി പള്ളി വികാരി ഫാ. ടെൻസൺ കൂറ്റാരപ്പള്ളി, മംഗളാരം പള്ളി വികാരി ഫാ. ജോസഫ് മുണ്ടക്കൽ, പാളയം പള്ളി വികാരി ഫാ. മാത്യു അറക്കപറമ്പിൽ, മാറിടം പള്ളി വികാരി ഫാ. സ്റ്റാബിൻ എന്നിവരും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.
നാനാജാതി മതസ്ഥരുടെ ഉദ്ധിഷ്ടകാര്യങ്ങൾ സാധിച്ചു നൽകിയിരുന്ന യൗസേപ്പച്ചന്റെ അനുഗ്രഹം തേടി രണ്ടായിരത്തോളം വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു. ദിവ്യകാരുണ്യഭക്തിയും ദീനാനുകമ്പയും എളിമയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.












