കടുത്തുരുത്തി: കാപ്പുന്തലയില്‍ കൃഷിയിടത്തില്‍ നിന്നും വാഴകുലകള്‍ മോഷ്ടിച്ചു. നീരാക്കല്‍പടി ജംഗ്ഷന് സമീപം മൂന്ന് കര്‍ഷകര്‍ ചേര്‍ന്ന് ഏത്തവാഴ കൃഷി നടത്തിയിരുന്ന പറമ്പില്‍ നിന്നാണ് ബുധനാഴ്ച്ച രാത്രിയില്‍ അഞ്ച് വാഴകുലകള്‍ മോഷ്ടിച്ചത്. മഠത്തിക്കുന്നേല്‍ ജോണിക്കുട്ടി മാത്യു,
കെ.ജെ. ജോസഫ് കുരിശുങ്കല്‍, ജോബി കളപ്പുരയ്ക്കല്‍ എന്നിവരാണ് കൃഷി നടത്തിയിരുന്നത്. കാറ്റും മഴയും ഭയന്ന് തൂണ് ഉപയോഗിച്ചു വാഴകളെല്ലാം കുത്തി കെട്ടി വച്ചിരുന്നവയാണ്. 300 വാഴകളാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. കുല ചായിച്ച ശേഷം അറുത്തെടുത്താണ് കുല മോഷ്ടിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇതിന് സമീപത്തെ ഒറീത്തായില്‍ ജോണിയുടെ കൃഷിയിടത്തില്‍
നിന്നും 100 ചേനവിത്തുകള്‍ മോഷണം പോയിരുന്നു. മോഷ്ടാക്കളെ സിസി ടിവിയുടെ സഹായത്താല്‍ പിന്നീട് പിടി കൂടിയിരുന്നു. വാഴകുലകള്‍ മോഷണം സംഭവത്തില്‍ കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായി ജോണിക്കുട്ടി മാത്യു പറഞ്ഞു.














