ഇരമ്പുന്ന വിപ്ലവ സ്മരണകളുടെ നടുവിലൂടെ വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിപാലയാത്ര കൊല്ലത്തിന്റെ ഹൃദയഭാഗത്ത്. അണമുറിയാത്ത ജനപ്രവാഹത്തിന്റെ ഒഴുക്കില്‍ മുന്‍പ് നിശ്ചയിച്ച സമയക്രമങ്ങളെല്ലാം തെറ്റിയെങ്കിലും കൊല്ലത്തിന്റെ ഓരങ്ങളില്‍ അര്‍ദ്ധരാത്രി മുതല്‍ പുലരും നേരം വരെ വി എസ്സിനെ അവസാനമായി
കാണാന്‍ കാത്തിരുന്നത് പതിനായിരങ്ങളാണ്. അച്ഛന്റെ തോളത്തേറി വി എസിനെ കാത്തുനിന്ന കുഞ്ഞുങ്ങളും തളര്‍ച്ച മറന്ന് പാതയോരങ്ങളില്‍ തമ്പടിച്ച വയോധികരും തിങ്ങിക്കൂടിയ സ്ത്രീകളും വൈകാരിക കാഴ്ചയായി. തിരുവനന്തപുരം പിന്നിട്ടിട്ട് അഞ്ച് മണിക്കൂറിലേറെയായെങ്കിലും വഴിയിലൊരിടത്തും ജനപ്രവാഹം നിലച്ചിട്ടില്ല. പാരിപ്പള്ളിയില്‍ മഴനനഞ്ഞ് പ്രിയനേതാവിനെ
കാത്തുനിന്ന സാധാരണ മനുഷ്യരും കാവനാട്ടും ചിന്നക്കടയിലും തടിച്ചുകൂടിയ ജനങ്ങളും വി എസ് മലയാളിക്ക് ആരെന്ന് അടയാളപ്പെടുത്തി. വിലാപയാത്ര ചവറയില്‍ എത്തിയപ്പോള്‍ അതൊരു ജനമഹാസാഗരമായി.













